ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

സ്‌കൂള്‍ പാര്‍ലിമെന്റ് -റിയാസ് പ്രസിഡന്റ് ;വിജയകുമാരി സെക്രട്ടറി

അബ്‌ദുല്‍ റിയാസ്.എം. പ്ലസ് ടു
(പ്രസിഡന്റ് )
2014-15 അദ്ധ്യയനവര്‍ഷത്തെ സ്‌കൂള്‍ പാര്‍ലിമെന്റ് രൂപീകരിച്ചു. അഞ്ച് മുതല്‍ പ്ലസ് ടു വരെയുള്ള 27 ക്ലാസുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡര്‍മാര്‍ യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്ലസ് ടു ഹ്യുമാനിറ്റീസ് ക്ലാസില്‍ പഠിക്കുന്ന എം. അബ്‌ദുല്‍ റിയാസ് പ്രസിഡന്റായും പത്താം ക്ലാസ് ബി ഡിവിഷനില്‍ പഠിക്കുന്ന സി.എച്ച്. വിജയകുമാരി സെക്രട്ടറി (സ്‌കൂള്‍ ലീഡര്‍)യായും തെരെഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍ : ആമിനത്ത് ഫര്‍സാന 10ഡി (വൈസ് പ്രസിഡന്റ് ), റംസീന പി.എം. പ്ലസ് ടു കൊമേഴ്‌സ് (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് ശബീബ് സി.കെ. 10ഇ (ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി), സന്ദീപ് വി. 9എ (ലിറ്റററി ക്ലബ് സെക്രട്ടറി), ആയിഷത്ത് ഷബാന എം.കെ. പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് (സ്‌പോര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി),
വിജയകുമാരി. സി.എച്ച്. 10 ബി
(സെക്രട്ടറി)
സജ്ന. പി  9സി (ആര്‍ട്ട്സ് ക്ലബ് ജോയിന്റ് സെക്രട്ടറി),ധന്യശ്രീ. കെ.പി 10എ (ലിറ്റററി ക്ലബ് ജോയിന്റ് സെക്രട്ടറി), അനഘ. എസ്. 6സി (സ്‌പോര്‍ട്ട്‌സ് ക്ലബ് ജോയിന്റ് സെക്രട്ടറി). സ്‌കൂള്‍ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പി. ശാരദ, എച്ച്. പദ്‌മ എന്നീ അധ്യാപികമാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അച്ചടക്കവും ശുചിത്വവും പരിപാലിക്കുന്നതിലും കലോത്സവം, സ്‌പോര്‍ട്ട്‌സ് തുടങ്ങിയ പരിപാടികള്‍ വിജയിപ്പിക്കുന്നതിലും പുതുതായി ചുമതലയേറ്റ ഭാരവാഹികളും അംഗങ്ങളും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നതാണ്. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം എന്നിവര്‍ പാര്‍ലിമെന്റ് യോഗത്തില്‍ സംബന്ധിച്ചു.

'സേവ് എ ലൈഫ്'-ധനസഹായം നല്‍കി

    സ്‌കൂള്‍ എസ്.പി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സേവ് എ ലൈഫ് ' പരിപാടിയുടെ ഭാഗമായി സ്‌റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ വകയായി നല്‍കുന്ന ധനസഹായം ഹെഡ്‌മാസ്‌റ്റര്‍ ഇന്‍ ചാര്‍ജ് എന്‍.പ്രസന്നകുമാരി ഏറ്റുവാങ്ങി. കൊട്ടാരക്കരയിലുള്ള കുന്നുംപുറത്ത് ചെരുവിള പുത്തന്‍വീട്ടില്‍ ശ്രീമതി രമ്യ കെ.വി.എന്ന നിര്‍ധന യുവതിക്ക് വൃക്കമാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക് ധനസമാഹരണം നടത്തുന്നതാണ് 'സേവ് എ ലൈഫ് 'പരിപാടി. ഏകദേശം 15 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാറാമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളിലെ അധ്യാപികയും എസ്.പി.സി.എ.സി.പി.ഒ.യുമായ ശ്രീമതി മിനി എം.മാത്യു ടീച്ചറാണ് വൃക്ക ദാനം ചെയ്യുന്നത്. മെഡിക്കല്‍ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയായി ആഗസ്‌റ്റ് 25 ന് ഓപ്പറേഷന്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. എസ്.പി.സി. പദ്ധതിയുടെ തന്നെ അനുതാപത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃകയായി മാറിയ മിനി ടീച്ചര്‍ക്ക് കാഡറ്റുകള്‍ അഭിവാദ്യമര്‍പ്പിച്ചു. സി.പി.ഒ. എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ എന്നിവര്‍ നേതൃത്വം നല്‍കി.

എ.ബി.ഇബ്രാഹിം ഐഎഎസ്-അഡൂരിന്റെ അഭിമാനം

നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ ആയ അഡൂര്‍ ബി. ഇബ്രാഹിം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. അഡൂര്‍ ടൗണിന് സമീപത്തായുള്ള ബളക്കില സ്വദേശിയാണ് അദ്ദേഹം. കര്‍ണാടക അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ വിവിധ തസ്‌തികകളിലെ ദീര്‍ഘകാലസേവനത്തിന് ശേഷം 2013 ആഗസ്‌റ്റിലാണ് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അദ്ദേഹത്തിന് ഐഎഎസ് കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. 1986ല്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായ ഇബ്രാഹിം ഗോവയില്‍ ഡെപ്യൂട്ടി കളക്‌ടറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1990ല്‍ കര്‍ണാടക ഭരണ സര്‍വീസില്‍ (കെ..എസ്.) ചേരുന്നതുവരെ അവിടെ തുടര്‍ന്നു.
1990 മുതല്‍ 92 വരെ പ്രൊബേഷണറി കെ..എസ്. ഓഫീസറായി കാര്‍വാറിലും തുടര്‍ന്ന് 94 വരെ രണ്ടുവര്‍ഷം കൊങ്കണ്‍ റയില്‍വേ ഭൂമിയേറ്റെടുക്കല്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. ഉഡുപ്പിഭട്കല്‍ മേഖലയില്‍ സമയബന്ധിതമായി ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനത്തിന് അംഗീകാരവും ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് അസിസ്‌റ്റന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിക്കുകയും1994മുതല്‍1995വരെ സകലേശ്‌പുര സബ്ഡിവിഷനിലും 1995മുതല്‍ 1996വരെ ഹാസന സബ്ഡിവിഷനിലും സേവനമനുഷ്‌ഠിച്ചു. ഇവിടങ്ങളില്‍ വയോജന വിദ്യാഭ്യാസത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റി ചലനാത്മകമാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചു
1996ല്‍ സ്‌പെഷല്‍ ഡെപ്യൂട്ടി കമ്മീഷണറായി ഉദ്യോഗക്കയറ്റം ലഭിച്ച് മംഗലാപുരം സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണറാവുകയും 2000വരെ ആ തസ്‌തികയില്‍ തുടരുകയും ചെയ്‌തു. ഇവിടെയും മികച്ച പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.പൊതുജന പങ്കാളിത്തത്തോടെയുള്ള മംഗലാപുരം ടൗണ്‍ഹാള്‍ നവീകരണം, പ്രധാനപ്പെട്ട റോഡുകളുടെയും ജങ്ഷനുകളുടെയും കോണ്‍ക്രീറ്റിങ്, ജനന-മരണ സര്‍ട്ടിഫിക്കറ്റുകളും
കച്ചവടലൈസന്‍സുകളും നല്‍കുന്നതിനുള്ള കമ്പ്യൂട്ടറൈസേഷന്‍, മംഗലാപുരം സിറ്റിയെ ജന-സൗഹൃദമാക്കുന്നതിനുള്ള ബൃഹത്ത് പദ്ധതി തയ്യാറാക്കി റിപ്പോര്‍ട്ട് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്നുള്ള ധനസഹായത്തിനായി സമര്‍പ്പിച്ചത് എന്നിവ അവയില്‍ ചിലത് മാത്രം. വിശിഷ്‌ടസേവനത്തിനുള്ള അംഗീകാരമായി കര്‍ണാടകസംസ്ഥാനത്തെ ഏറ്റവും മികച്ച കോര്‍പ്പറേഷന്‍ കമ്മീഷണറായി അദ്ദേഹത്തെ തെരെഞ്ഞെടുത്തു.തുടര്‍ന്ന് കെയോണിക്‌സ് മാനേജിങ് ഡയറക്ടര്‍, മൈസൂര്‍ ലാമ്പ്‌സ് ലിമിറ്റഡ് എം.ഡി. മൈസൂര്‍ സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
അനധികൃതകയ്യേറ്റങ്ങളും കെട്ടിടങ്ങളും ഒഴിപ്പിക്കല്‍ , റോഡ് വിപുലീകരണം, കമ്പ്യൂട്ടര്‍വല്‍ക്കരണം, വിവിധമേഖലകളില്‍ ഇ-ഗവേണന്‍സ് നടപ്പാക്കല്‍, ജനസേവനകേന്ദ്രങ്ങള്‍ തുറക്കല്‍, മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, പൂന്തോട്ട നിര്‍മ്മാണം, ഓടജലം ശുദ്ധീകരിച്ച് മത്സ്യം വളര്‍ത്തല്‍, പ്ലാസ്‌റ്റിക് വസ്‌തുക്കളുടെ പുനചംക്രമണം തുടങ്ങിയ പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങള്‍, മൈസൂര്‍ സിറ്റി കോര്‍പ്പറേഷന്‍ കെട്ടിട നവീകരണം, ജലവിതരണസമ്പ്രദായം മെച്ചപ്പെടുത്തല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇബ്രാഹിം കൂടുതല്‍ ജനപ്രിയനായിമാറി.

      പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുകയും 2005ല്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് രാജീവ് ഗാന്ധി പരിസ്ഥിതി അവാര്‍ഡ് നല്‍കുകയും ചെയ്‌തു. 2006ല്‍ ഐക്യരാഷ്ട്രസഭയും മൈസൂര്‍ കോര്‍പ്പറേഷന് പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങളുടെപേരില്‍ അംഗീകാരം നല്‍കുകയുണ്ടായി. മൈസൂര്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാറായും പ്രവര്‍ത്തിച്ചു.ഈ കാലയളവില്‍ നിയമനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തി ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കുകയും ഗവണ്‍മെന്റ് നിയമിച്ച അന്വേഷണകമ്മീഷന്‍ ഇതു ശരിവെച്ചതിലൂടെ അന്നത്തെ വൈസ് ചാന്‍സലര്‍ക്കെതിരെ നടപടി വരുകയും ചെയ്‌തു.
സംസ്ഥാന വഖഫ്‌ബോര്‍ഡ്, കുടക് ജില്ലാ പഞ്ചായത്ത്, കാവേരി നദീജല സമിതി എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും മൈസൂര്‍ ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോര്‍പ്പറേഷന്‍ എം.ഡി.യായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സത്യസന്ധവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനമൊട്ടുക്കും ശ്രദ്ധപിടിച്ചുപറ്റിയ ഇബ്രാഹിമിന് ഐഎഎസ് കേഡറിലേക്ക് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കേണ്ടിവന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ ജീര്‍ണതയിലേക്കാണ് വിരല്‍ചൂണ്ടിയത്
ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം 2013ല്‍ 2009 മുതലുള്ള മുന്‍കാലപ്രാബല്യത്തോടെ അദ്ദേഹത്തെ ഐഎഎസ് കേഡറിലേക്ക് ഉയര്‍ത്തി. 2013 ഡിസമ്പര്‍ മുതല്‍ ഇബ്രാഹിം സ്വന്തം ഗ്രാമമായ അഡൂരിന്റെ സമീപപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ അഥവാ കലക്‌ടര്‍ ആണ്
അഡൂര്‍ ബളക്കിലയിലെ പ്രശസ്‌തമായ 'പുതിയപുര'വീട്ടിലാണ് ഇബ്രാഹിമിന്റെ ജനനം. 1976ല്‍ അഡൂര്‍ സ്‌കൂളില്‍ നിന്നും കന്നഡ മീഡിയത്തില്‍ എസ്.എസ്.എല്‍.സി. പാസായ അദ്ദേഹം കര്‍ണാടകയിലാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ അതീവതല്‍പരനായിരുന്ന പിതാവ് ബി.എസ്. മുഹമ്മദ് ഹാജിയുടെ മാര്‍ഗ്ഗദര്‍ശനമാണ് നാടിന് മികച്ച ഒരു ഭരണാധികാരിയെ നല്‍കിയത്.
മികച്ച ഒരു വോളിബോള്‍ കളിക്കാരനായ ഇബ്രാഹിം നാട്ടിലെത്തിയാല്‍ തികച്ചും ഒരു ഗ്രാമീണനായി മാറും. പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ സമാനതകളില്ലാത്ത സഹായമാണ് ഇബ്രാഹിം ഐഎഎസ് അവര്‍കളും സഹോദരങ്ങളും അഡൂര്‍ സ്‌കൂളിന് നല്‍കിയത്. സ്‌കൂള്‍ ലൈബ്രറിയും മള്‍ട്ടിമീഡിയറൂമും പ്രവര്‍ത്തിക്കുന്നത് പിതാവിന്റെ സ്‌മരണാര്‍ത്ഥം ഇവര്‍ നിര്‍മ്മിച്ചുനല്‍കിയ കെട്ടിടത്തിലാണ്നടാഷഎന്ന പേരിലുള്ള സ്‌റ്റേജ് കെട്ടിടം ഇബ്രാഹിം ഐഎഎസിന്റെ മൂത്ത ജ്യേഷ്‌ടനും അമേരിക്കയില്‍ ഡോക്‌ടറുമായ അമാനുള്ളഅദ്ദേഹത്തിന്റെ നിര്യാതയായ മകളുടെ സ്‌മരണക്കായി നിര്‍മ്മിച്ചുനല്‍കിയതാണ്.
സ്‌കൂളിന് ആദ്യമായി കമ്പ്യൂട്ടര്‍ നല്‍കിയത് ഇബ്രാഹിം ഐഎഎസിന്റെ അനുജനും കര്‍ണാടക സെയില്‍സ് ടാക്‌സ് വിഭാഗത്തില്‍ ഉന്നതോദ്ദ്യോഗസ്ഥനുമായ എബി.ഷംസുദ്ദീന്‍ ആണ്. മറ്റൊരു സഹോദരനായ എ.ബി.മുഹമ്മദ് അലി കാര്‍ഷികസംസ്‌കൃതിയെ മുറുകെപിടിച്ച് നാട്ടില്‍ കൃഷിയും പുരയിടവും നോക്കിനടത്തുന്നു. പാവങ്ങള്‍ക്കും രോഗികള്‍ക്കും ഈ കുടുംബം എന്നും ഒരു അത്താണിയാണ്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് മികച്ച മാതൃകകളാണ് ഇവര്‍
For downloading the Article as PDF CLICK HERE

സ്വാതന്ത്ര്യദിനം അഭിമാനപൂര്‍വ്വം ആഘോഷിച്ചു

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. എസ്.പി.സി.കാഡറ്റുകളുടെ പരേഡില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എ.ഗംഗാധരന്‍, കാഡറ്റ് ലീഡര്‍ ജെ.ചൈതന്യ എന്നിവര്‍ പരേഡിന് നേതൃത്വം നല്‍‌കി. ബാന്‍‌ഡ്‌വാദ്യവും ഉണ്ടായിരുന്നു. അഡൂരില്‍ ആദ്യമായി നടന്ന കാഡറ്റുകളുടെ പരേഡ് വീക്ഷിക്കാന്‍ നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  വെച്ചുനടന്ന സ്വാതന്ത്ര്യദിന സമ്മേളനം ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്‌തു.

പത്തില്‍ STEPS പദ്ധതി-പ്രത്യേക ക്ലാസ് പിടിഎ യോഗം നടന്നു

പത്താം ക്ലാസ് കുട്ടികളുടെ റിസള്‍ട്ട് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആഗസ്‌റ്റ് 13 ബുധനാഴ്ച എല്ലാ ഹൈസ്‌കൂളുകളിലും പ്രത്യേക ക്ലാസ് പിടിഎ യോഗം ചേരുവാനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായി അഡൂര്‍ സ്‌കൂളിലും യോഗം നടന്നു.
ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ പഠനത്തിന് സഹായകരമാകുന്ന രീതിയില്‍ ഗൃഹാന്തരീക്ഷത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ മുഴുവന്‍ രക്ഷിതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

'നിര്‍മ്മല്‍ ക്ലാസ്സ് ' പുരസ്‌ക്കാരം നല്‍കി

        കുട്ടികളുടെ അച്ചടക്കവും പഠനനിലവാരവും ശുചിത്വബോധവും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ അദ്ധ്യയനവര്‍ഷം കൊണ്ടുവന്ന 'നിര്‍മ്മല്‍ ക്ലാസ്സ് 'പദ്ധതി ഈ വര്‍ഷവും തുടര്‍ന്ന്നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ മാസത്തെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 9 D, യു.പി.വിഭാഗത്തില്‍ 7 C, എല്‍.പി.വിഭാഗത്തില്‍ 4 A എന്നീ ക്ലാസ്സുകളെയാണ് നിര്‍മ്മല്‍ ക്ലാസ്സുകളായി പ്രഖ്യാപിച്ചത്.

'സാക്ഷരം-2014' സ്‌കൂള്‍തല ഉദ്‌ഘാടനം

3 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും ഉറപ്പിക്കുന്നതിനുള്ള 'സാക്ഷരം' 2014 ന്റെ സ്‌കൂള്‍തല ഉദ്ഘാടനം ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ അധ്യക്ഷനായിരുന്നു. അടിസ്ഥാന ഭാഷാശേഷി ഉറപ്പിക്കുന്നതിനുള്ള ഈ പദ്ധതി വിജയത്തില്‍ എത്തിക്കാന്‍ അധ്യാപകമൂഹത്തോടൊപ്പം മുഴുവന്‍ രക്ഷിതാക്കളുടെയും ആത്മാര്‍ഥമായ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു.

ഹിരോഷിമാദിനാചരണം

ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സ് ക്ലബ്, എസ്.പി.സി.യൂണിറ്റ് നേതൃത്വം നല്‍കി. 9 ‍ഡി ക്ലാസ്സിലെ കുട്ടികളായ ചൈതന്യ, മെഹറുന്നിസ, ശില്‍പ, പി.രശ്‌മി, സുമലത, റമീസ, മുബീന, ഗ്രീഫിത്ത്‌രാജ്, വിഷ്‌ണുപ്രസാദ് എന്നിവര്‍ ചേര്‍ന്ന് 'യുദ്ധഭൂമിയിലേക്ക്' എന്ന പേരില്‍ സ്‌മരണിക തയ്യാറാക്കി സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രകാശനം ചെയ്‌തു.സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എന്‍. പ്രസന്നകുമാരി ടീച്ചര്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
പി.എസ്.ബൈജു മാസ്റ്റര്‍ സ്‌മരണിക സ്‌കൂള്‍ ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി.
5ബി, 6ബി, 8സി, 8ബി, 9ബി, 9ഡി ക്ലാസ്സിലെ കുട്ടികള്‍ 'യുദ്ധവിരുദ്ധ പോസ്‌റ്റര്‍' പ്രദര്‍ശനം നടത്തി. ക്ലാസ്സ് മുറികളില്‍ യുദ്ധക്കെടുതികള്‍ കാണിക്കുന്ന കൊളാഷുകള്‍ തയ്യാറാക്കി. ഉച്ചക്കുള്ള'സ്‌റ്റുഡന്റ്  വോയ്സ്' എന്ന പതിവ് റേഡിയോ പ്രക്ഷേപണ പരിപാടിയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അധ്യാപകരായ പി.എസ്.ബൈജു,  പി.ശാരദ, എസ്.എസ്.രാഗേഷ്, കെ.ജാബിര്‍ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഹെഡ്‌മാസ്‌റ്ററായി ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ചുമതലയേറ്റു

       അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ ഹെഡ്മാസ്‌റ്ററായി ശ്രീ.ബി.ബാലകൃഷ്ണ ഷെട്ടിഗാര്‍ ചുമതലയേറ്റു. ഇതേ സ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകനായിരിക്കേ, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് ഹെഡ്‌മാസ്‌റ്ററായി പ്രൊമോഷന്‍ ലഭിച്ചത്. തുടര്‍ന്ന് ദേലമ്പാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ചാണ് അഡൂരില്‍ ചാര്‍ജെടുത്തത്.1987-ല്‍ പ്രൈമറി അധ്യാപകനായി സര്‍വ്വീസില്‍ പ്രവേശിച്ചു. 1993-ല്‍ ഹൈസ്‌കൂള്‍ അധ്യാപകനായി. തുടര്‍ന്ന് ദീര്‍ഘകാലം കുഞ്ചത്തൂര്‍ സ്‌കൂളില്‍ സേവനം ചെയ്‌തു.
സ്‌റ്റുഡന്റ് പൊലീസ് കാഡറ്റ് സി.പി.ഒ.ആയിരുന്നു. അഡൂര്‍ സ്‌കൂളില്‍ സ്‌റ്റുഡന്റ് പൊലീസ് കാഡറ്റ് യൂറ്റിണ് തുടങ്ങുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചു. കേരള സംസ്ഥാന തുളു അക്കാദമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപക സംഘടനാരംഗത്തും സജീവമായിരുന്നു. കുഞ്ചത്തൂര്‍ തുമിനാടാണ് സ്വദേശം. ഭാര്യ ശ്രീമതി എന്‍.പ്രസന്നകുമാരി അഡൂര്‍ സ്‌കൂളിലെ തന്നെ ഹിന്ദി അധ്യാപികയും സീനിയര്‍ അസിസ്‌റ്റന്റുമാണ്. ഏകമകള്‍ പ്രഭിത സുള്ള്യ കെ.വി.ജി.മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്.വിദ്യാര്‍ത്ഥിനിയാണ്.

'ഒറ്റ ഞാര്‍ വിപ്ലവം-അഡൂരിലും'

കൈവിട്ടുപോകുന്ന കാര്‍ഷിക സംസ്‌കൃതിയുടെ കാവലാളുകള്‍ ഞങ്ങള്‍...!!
 കുറച്ചു വിത്തില്‍ കൂടുതല്‍ വിളവ് എന്നതാണ് ഒറ്റ ഞാര്‍ കൃഷിരീതിയുടെ പ്രത്യേകത.സാധാരണ ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ 30 കിലോ നെല്‍വിത്ത് വേണമെന്നിരിക്കേ ഒറ്റ ഞാറിന് ഒരേക്കറില്‍ രണ്ടു കിലോ വിത്ത് മതി. എട്ടുമുതല്‍ 11 ദിവസം വരെ മൂപ്പുള്ള ഞാര്‍ ഒരടി വിട്ടാണ് പറിച്ചുനടുന്നത്. ഇതുമൂലം കീടശല്യം കുറയും. കളകള്‍ എളുപ്പത്തില്‍ പറിക്കാനും കഴിയും. മികച്ച വിളവും ഇതുവഴി ലഭിക്കും.അഡൂരില്‍ പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഒരേക്കര്‍ സ്ഥലത്താണ്  ഇപ്പോള്‍ കൃഷി തുടങ്ങിയത്. അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന പാടത്താണ് കൃഷിയിറക്കിയത്.അന്യം നിന്നുപോകുന്ന കാര്‍ഷികസംസ്‌കൃതി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി.(കുട്ടിപ്പൊലീസ്)അംഗങ്ങളാണ് ഞാര്‍ നട്ടത്. ഇതിലൂടെ എസ്.പി.സി. സ്ഥാപിച്ചതിന്റെ അഞ്ചാം വാര്‍ഷികാഘോഷം സ്‌മരണീയമായി. ഞാറ് നടീല്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനും സ്‌കൂള്‍ പിടിഎ പ്രസിഡന്റുമായ സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു.  പ്രതീക്ഷ സെക്രട്ടറി പ്രകാശ് അധ്യക്ഷതവഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ രത്തന്‍ കുമാര്‍ പാണ്ടി,  കൃഷി ഓഫീസര്‍ രാഗവേന്ദ്ര, കൃഷി അസിസ്റ്റന്റ് പ്രകാശ് എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് എന്‍.പ്രസന്നകുമാരി ആശംസകളര്‍പ്പിച്ചു. ബി.കൃഷ്ണപ്പ മാസ്റ്റര്‍ ഞാറ് നടീല്‍ പാട്ടിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. എസ്.പി.സി.സി.പി.ഒ. എ.ഗംഗാധരന്‍ സ്വാഗതവും പി.എസ്.ബൈജു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.For Video CLICK HERE For more Photos CLICK HERE For Mathrubhumi Report CLICK HERE